സത്യമപ്രിയം

കുരുക്ഷേത്രയുദ്ധം കഴിഞ്ഞു, നവയുഗഭാരതം വരുന്നു

ജി.കെ. സുരേഷ് ബാബു

മഹാഭാരതത്തിന്റെ തനിയാവര്‍ത്തനം വീണ്ടും കഴിഞ്ഞു. കൗരവര്‍ പൂര്‍ണ്ണമായും നിലംപരിശായി. കള്ളച്ചൂതിന്റെയും ഏഷണിയുടെയും നുണകളുടെയും ചതിയുടെയും ഒക്കെ കുതന്ത്രങ്ങളെ അതിജീവിച്ച് വീണ്ടും ധര്‍മ്മം വിജയിച്ചു. സത്യത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ ധര്‍മ്മമാണ് തന്റെ മാര്‍ഗ്ഗമെന്നും രാഷ്ട്രഹിതമാണ് തന്റെ പ്രവര്‍ത്തന പന്ഥാവെന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നരേന്ദ്രമോദി വീണ്ടും ഭാരതത്തിന്റെ പ്രധാന സേവകനായി നിയുക്തനായി. അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു അഴിമതിയാരോപണമോ സ്വജനപക്ഷപാതമോ ആരോപിക്കപ്പെടാത്ത, സ്വതന്ത്രഭാരതത്തിന്റെ ആത്മതേജസ്സായി മാറിയ നരേന്ദ്രമോദി.

വീണ്ടും അദ്ദേഹം അധികാരത്തില്‍ വരണമെന്നത് ബി ജെ പി അടക്കമുള്ള രാഷ്ട്രീയകക്ഷികളുടെ ഇച്ഛയേക്കാള്‍ ഈ രാഷ്ട്രത്തിന്റെ ഇച്ഛയായിരുന്നു. ഭാരതം പരമവൈഭവത്തിലേക്ക് എത്തണമെന്നും ലോകഗുരുവായി മാറണമെന്നും ആഗ്രഹിച്ച ആസേതുഹിമാചലമുള്ള ജനതതിയുടെ ആഗ്രഹമായിരുന്നു. ഓരോരോ സ്ഥലങ്ങളിലും എതിര്‍പ്പുമായി വന്നവര്‍ക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. മോദിയെ തോല്‍പ്പിക്കുക. അത്രമാത്രം. അതിനപ്പുറത്തേക്ക് അവര്‍ക്ക് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. ഈ ആത്മാര്‍ത്ഥതയില്ലാത്ത ഇരട്ടത്താപ്പ് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് മനസ്സിലായി. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജനങ്ങള്‍ മോദിയെയും എന്‍ ഡി എയും തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ കിട്ടിയ 282 സീറ്റിനേക്കാള്‍ 20 സീറ്റ് കൂടി അധികം നല്‍കി തീരുമാനമെടുത്ത് ഭരിക്കാന്‍ കഴിയുന്ന വിധം ഒറ്റയ്ക്ക് ഭൂരിപക്ഷം ബി ജെ പിക്ക് നല്‍കി. എന്‍ ഡി എയ്ക്കും സീറ്റ് കൂടി. 352 സീറ്റായി ഉയര്‍ന്നു.

കഴിഞ്ഞതവണ 44 സീറ്റ് കിട്ടിയ കോണ്‍ഗ്രസ്സ് ഇത്തവണ എട്ട് സീറ്റ് കൂടി നേടിയെങ്കിലും പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാനുള്ള 54 സീറ്റ് എത്തിയില്ല. കേരളത്തില്‍ നേടിയ 19 സീറ്റും തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിന് കിട്ടിയ സീറ്റുകളുമാണ് കോണ്‍ഗ്രസ്സിനെ നിലനിര്‍ത്തിയതു തന്നെ. ഏഴ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. നെഹ്‌റു കുടുംബത്തിന്റെ എക്കാലത്തെയും ശക്തമായ, സുരക്ഷിത താവളമായിരുന്ന അമേഠി ഇക്കുറി അവരെ കൈവിട്ടു. 45,327 വോട്ടിന് രാഹുല്‍ഗാന്ധി അവിടെ തറപറ്റിയപ്പോള്‍ അത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ വഴിത്തിരിവായി. റായ്ബറേലിയില്‍ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഭാഗ്യതാരകമെന്ന് വിശേഷിപ്പിച്ച് ഇതുവരെ ഒരു പരിപാടിയിലും പങ്കെടുക്കാതെ നേരെ ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമായി മാറിയ പ്രിയങ്ക രക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും നനഞ്ഞ ഓലപ്പടക്കമായി മാറി. പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ച യു പിയിലെ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിന് കെട്ടിവെച്ച കാശുപോലും പോയി.

അടിപതറിയ വമ്പന്മാര്‍ ഏറെയാണ്. ഗ്വാളിയര്‍ രാജകുമാരന്‍ ജ്യോതിരാദിത്യ സിന്ധ്യ ഗുണയില്‍ തോല്‍വി ഏറ്റുവാങ്ങി. വാജ്‌പേയിയെ പോലും തോല്‍പ്പിച്ച് മാധവറാവു സിന്ധ്യ വിജയിച്ച മണ്ഡലത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ തോല്‍വി ഏറ്റുവാങ്ങിയത് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല, മറ്റ് നേതാക്കളെയും ഞെട്ടിക്കുന്നതായിരുന്നു. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തുങ്കൂരില്‍ പരാജയം ഏറ്റുവാങ്ങി. മാണ്ഡ്യയില്‍ കൊച്ചുമകനും ചലച്ചിത്രനടി സുമലതയോട് തോറ്റു. ഗുജറാത്ത് മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മകനും മഹാരാഷ്ട്രയില്‍ മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍ ഷിന്‍ഡയും മുന്‍ മുഖ്യമന്ത്രി അശോക് ചവാനും ഒക്കെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഒന്നടങ്കം താമര ഒരു പുതിയ വസന്തകാലത്തിന് നാന്ദി കുറിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ പുറന്തള്ളി മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന് മോദിയെ തോല്‍പ്പിക്കാന്‍ മാത്രമായി ഒരു പുതിയ മഹാസഖ്യത്തിന് രൂപം കൊടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടിക്കുമായി കിട്ടിയ വോട്ട് ഒന്നിച്ചു ചേര്‍ത്താല്‍ ബി ജെ പിയേക്കാള്‍ മുന്നിലെത്തുമെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. യാദവ-പിന്നാക്ക വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ട് ജാതിസമവാക്യത്തിന്റെ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്ന് ഭൂരിപക്ഷം സീറ്റുകളും നേടാനാകുമെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ അത് തകര്‍ന്നുവീണു. കഴിഞ്ഞ തവണത്തേക്കാള്‍ വെറും പത്ത് സീറ്റ് മാത്രം നഷ്ടപ്പെട്ട ബി ജെ പി 62 സീറ്റോടെ അജയ്യമായി നിലകൊണ്ടപ്പോള്‍ അതും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലും തിരഞ്ഞെടുപ്പ് ചരിത്രത്തിലും ഒരു പുതിയ ഏട് എഴുതിച്ചേര്‍ക്കുകയായിരുന്നു. യാദവ-ജാതവ-പിന്നാക്ക വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമം പാളിയപ്പോള്‍ ജാതി സമവാക്യങ്ങള്‍ പൊളിഞ്ഞുവീണു. ജാതിയുടെ പേരില്‍ ആഴിമതിക്കാരെ പിന്തുണയ്ക്കുന്നതിനേക്കാള്‍ നല്ലത് വിശാല ഹിന്ദുത്വത്തിന്റെയും ദേശീയതയുടെയും പേരില്‍ മോദിയെയും യോഗിയെയും പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന് അവര്‍ വിധിയെഴുതി. അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനമന്ത്രിക്കുപ്പായത്തിന് മോഹിച്ച മായാവതി-അഖിലേഷ് സഖ്യവും ചരിത്രത്തിലേക്ക് വിടവാങ്ങി.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഹങ്കാരത്തിന്റെ ആള്‍രൂപമായ മമതാ ബാനര്‍ജിക്കും തിരിച്ചടി കിട്ടി. ബി ജെ പി അദ്ധ്യക്ഷന്‍ അമിത്ഷായുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും ഹെലികോപ്റ്ററുകള്‍ക്ക് അനുമതി നിഷേധിക്കുകയും അവരുടെ റാലികള്‍ നടത്താന്‍ അനുവാദം നിഷേധിച്ചുമാണ് മമത തന്റെ ജനാധിപത്യ സങ്കല്പം പ്രകടമാക്കിയത്. കൊടുങ്കാറ്റ് ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയുടെ ടെലിഫോണ്‍ കോള്‍ പോലും എടുക്കാതെ അധികാരം അപ്രമാദിത്വവും ഏകാധിപത്യപരവുമാണെന്ന് തെളിയിച്ച മമതയെ ജനങ്ങള്‍ ശരിക്കും പാഠം പഠിപ്പിച്ചു. പടിവാതിലില്‍ തന്നെ ബി ജെ പി ഉണ്ടെന്ന് ഉറപ്പിക്കുംവിധം 19 സീറ്റോടെ തൊട്ടടുത്തു തന്നെ ജനങ്ങള്‍ ബി ജെ പിയെ എത്തിച്ചു. വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായ വ്യത്യാസവും വരാന്‍ പോകുന്നത് ബി ജെ പിയുടെ കാലമാണെന്ന് തെളിയിക്കുക മാത്രമല്ല, മമതയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നതും അവര്‍ കാട്ടിക്കൊടുത്തു. 35 വര്‍ഷം മുടിചൂടാമന്നനായിരുന്ന ജ്യോതിബസുവിന്റെ വംഗനാട് ചരിത്രത്തിലാദ്യമായി കാവിയണിഞ്ഞപ്പോള്‍ ബംഗാളില്‍ നിന്ന് പേരിനുപോലും ഒരു എം പി ഉണ്ടായില്ല. കഴിഞ്ഞതവണ 30 ശതമാനം വോട്ട് നേടിയ സി പി എം ഇക്കുറി 14 ശതമാനത്തിലേക്ക് ഒതുങ്ങിയതും ചരിത്രം.

ഒറീസയിലെ നവീന്‍ പട്‌നായിക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പിയാണ് കൂടുതല്‍ സീറ്റ് നേടിയത്. തിരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പുതന്നെ മോദിയെ തോല്‍പ്പിക്കാന്‍ മുന്നണിയുണ്ടാക്കാന്‍ നടന്ന ആന്ധ്രയിലെ ചന്ദ്രബാബു നായിഡു നിയമസഭയിലും പാര്‍ലമെന്റിലും പച്ച തൊട്ടില്ല. തെലുങ്കാനയില്‍ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിത ബി ജെ പിയില്‍ നിന്ന് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ദക്ഷിണേന്ത്യയുടെയും സൂചനകള്‍ വ്യക്തമാവുകയായിരുന്നു. കര്‍ണ്ണാടകത്തിലും ദള്‍-കോണ്‍ഗ്രസ് സഖ്യത്തെ ബി ജെ പി കടപുഴക്കി. മഹാരാഷ്ട്രയില്‍ ബി ജെ പി ശിവസേന സഖ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു അവിടെ നേടിയ വിജയം. കോണ്‍ഗ്രസ്സും ശരത് പവാറിന്റെ എന്‍ സി പിയും ഒന്നുമല്ലാതായി. കൊട്ടിഗ്‌ഘോഷിച്ചു വന്ന ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ പൊടിപോലും കാണാനില്ലാത്ത അവസ്ഥയിലായി. പഞ്ചാബില്‍ നേടിയ ഏക സീറ്റായിരുന്നു അവരുടെ അഭയം. ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബി ജെ പി നേടി. അഞ്ചുമാസം മുന്‍പ് തിരഞ്ഞെടുപ്പ് നടന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഖഢ് എന്നീ സംസ്ഥാനങ്ങളിലും ബി ജെ പി സമ്പൂര്‍ണ്ണ ആധിപത്യത്തോടെ തിരിച്ചെത്തി.

പ്രചാരണത്തിന്റെ തുടക്കം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യാനും താഴ്ത്തിക്കെട്ടാനുമായിരുന്നു രാഹുലിന്റെ ശ്രമം. റഫേല്‍ ഇടപാടില്‍ സുപ്രീംകോടതി വിധിച്ചിട്ടും അഴിമതിയാരോപണവുമായി രംഗത്തിറങ്ങിയ രാഹുല്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന് ഇന്ത്യ മുഴുവന്‍ ആവര്‍ത്തിച്ചു. സുപ്രീം കോടതിയുടെ പേരില്‍ പോലും ഇത് ആവര്‍ത്തിച്ചപ്പോള്‍ കോടതിയ്ക്ക് രാഹുലിനെ വിളിച്ചു വരുത്തേണ്ടി വന്നു. ആരോപണങ്ങള്‍ക്ക് ഒന്നിലേറെ തവണ മാപ്പു പറയുകയും ചെയ്തു. എന്നിട്ടും അക്രമം അവസാനിപ്പിക്കാതെ വന്നപ്പോഴാണ് ബോഫേഴ്‌സ് അഴിമതി അടക്കമുള്ള കേസുകള്‍ എടുത്തുകാട്ടി ‘കള്ളന്‍ കാവല്‍ക്കാരനല്ല, നിന്റെ അച്ഛനാണെന്ന് (രാജീവ്ഗാന്ധി) പ്രധാനമന്ത്രി പറഞ്ഞു. ഐ എന്‍ എസ് വിരാടിലെ വിനോദസഞ്ചാര യാത്ര അടക്കമുള്ള അഴിമതിക്കഥകള്‍ ഒന്നൊന്നായി തോണ്ടിയിട്ടതോടെ രാജീവ് ഗാന്ധിയുടെ മൊഴി മുട്ടി.

വംശനാശത്തിന്റെ കഥ, കുരുവംശത്തിന്റെ കാലത്തിന്റെ നിയോഗമായ നാശത്തിന്റെ കഥ കോണ്‍ഗ്രസ്സില്‍ മാത്രം ഒതുങ്ങുന്നില്ല. എസ് പി, ബി എസ് പി, എ എ പി, ടി ഡി പി, ടി എം സി, ജനതാദള്‍ എസ് കുരുക്ഷേത്രഭൂമിയില്‍ കബന്ധങ്ങളായും അംഗവൈകല്യം വന്നും വീണു കിടക്കുന്നവരുടെ പേരുകള്‍ ഇതൊക്കെയാണ്. അതിലും ബീഭത്സമോ ഭീകരമോ ആണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കഥ. കേരളത്തിലെ ഒരു സീറ്റും തമിഴ് നാട്ടില്‍ ഡി എം കെ ഭിക്ഷാപാത്രത്തില്‍ ഇട്ടുകൊടുത്ത രണ്ടും സീറ്റുകളില്‍ സി പി എം ഒതുങ്ങുമ്പോള്‍ കുരുക്ഷേത്രഭൂമിയില്‍ നിന്ന് കഴുകനും കുറുനരിയും വലിച്ചുകൊണ്ടുപോയ മൃതശരീരങ്ങളെയാണ് കമ്യൂണിസ്റ്റു പ്രസ്ഥാനം ഓര്‍മ്മിപ്പിക്കുന്നത്.

മഹാഭാരതത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ധര്‍മ്മാനുസൃതമായ ഒരു നവഭാരത സൃഷ്ടിക്കാണ് ഇന്ദ്രപ്രസ്ഥം ഒരുങ്ങുന്നത്. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഒരു പുതുയുഗ പിറവിയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാത്ത, പ്രീണനമില്ലാത്ത ഒരു പുതിയ ഭാരതം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുന്ന, ഭീകരതയെ നിലയ്ക്കു നിര്‍ത്തുന്ന സുശക്തമായ ഭാരതം. ചരിത്രത്തിന്റെ, കാലത്തിന്റെ ഉള്‍വിളി ഏറ്റുവാങ്ങിയ ശ്രേഷ്ഠ തപസ്വികളുടെ തപ:ശക്തിയില്‍ നിന്ന് സര്‍വ്വതിനെയും ശുദ്ധീകരിക്കാന്‍ നിയുക്തമായ അരുണവര്‍ണ്ണ ധ്വജത്തിന്റെയും ഭഗവാന്‍ കൃഷ്ണന്റെ ശംഖനാദത്തിന്റെയും ശിവജിയുടെയും സമര്‍ത്ഥ രാമദാസിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകമായ നവഭാരതം. ദിഗന്തങ്ങളുടെ വിളിപ്പേരുകള്‍ മാറുകയാണ്. അക്രമത്തിന്റെയും ആശങ്കയുടെയും ഭയത്തിന്റെയും ആകുലതകള്‍ എരിഞ്ഞടങ്ങുകയാണ്. കാലത്തിന്റെ നിയോഗമായി നോസ്തര്‍ദാമസ് പറഞ്ഞതുപോലെ പുതുയുഗഭാരതത്തിന്റെ സൃഷ്ടിക്കായി അവന്‍ വരുന്നു.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close