ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷം അറിയിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ശക്തമായ ബന്ധം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക സന്തോഷം പങ്കുവെച്ചത്.
‘നിലവില്‍ ഇന്ത്യയുമായി വളരെ മികച്ച ബന്ധമാണുള്ളത്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ വീണ്ടും സുശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. വീണ്ടും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നു’. അമേരിക്കന്‍ വക്താവ് പറഞ്ഞു.
ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങളുടെ തീരുമാനം ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തത് വളരെ ശക്തമായ സര്‍ക്കാരിനെ തന്നെയാണെന്നും ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തണമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താനവന ചൂണ്ടിക്കാട്ടി മിനിസ്റ്റര്‍ കൗണ്‍സിലര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് ഉദ്യോഗസ്ഥന് ഡേവിഡ് കെന്നഡി വ്യക്തമാക്കി.
ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ സാമ്പത്തിക രംഗത്തുള്ള സഹകരണത്തിനൊപ്പം സുരക്ഷക്കും പ്രാധാന്യം നല്‍കിയുള്ള എല്ലാവിധ സഹകരണവും ഭാവിയിലും മെച്ചപ്പെടുത്തുമെന്നും ഇന്ത്യയിലെ പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.