ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജെഡി നേതാവ് നവീന്‍ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അഞ്ചാം വട്ടമാണ് ഒഡീഷ മുഖ്യമന്ത്രി പദത്തിലേക്ക് നവീന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഇദ്ദേഹത്തോടൊപ്പം 20 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ ഒഡീഷ ഗവര്‍ണര്‍ ഗണേഷി ലാല്‍, നവീന്‍ പട്നായിക്കിനെ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചിരുന്നു. ഭുവനേശ്വറിലെ എക്സിബിഷന് ഗ്രൗണ്ടില്‍ രാവിലെ 10.30നാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
72കാരനും ബിജെഡി നേതാവുമായ പട്നായിക് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുള്ള നേതാക്കളിലൊരാളാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലങ്ങളിലായി മത്സരിച്ച പട്നായിക് രണ്ടിടത്തും വിജയം നേടിയിരുന്നു. സ്വന്തം മണ്ഡലമായ ടര്‍ഫ് ഹിന്‍ജിലിയിലും ബിജാപൂരിലുമാണ് പട്നായിക് ജയിച്ചത്. 2000ത്തിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അശോക് ചന്ദ്ര പാണ്ഡ, സമീര്‍ രഞ്ജന്‍ ദശ്, ജ്യോതി പ്രകാശ് പാണിഗ്രഹി, ദിബ്യ ശങ്കര്‍ മിശ്ര, പ്രേമാനന്ദ നായക്, രഘുനന്ദന് ദാസ്, പദ്മിനി ദിയന്‍, തുഷാര്‍കാന്തി ബെഹറ, ജഗന്നാഥ് സരക എന്നിവരും സംസ്ഥാന മന്ത്രിമാരായി ഇന്ന് ചുമലയേല്‍ക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ 147 സീറ്റുകളിലേക്കും ലോക്സഭ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ഇതില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളിലും നിയമസഭ തെരഞ്ഞടുപ്പില്‍ 112 സീറ്റുകളിലുമാണ് പാര്‍ട്ടി വിജയം സ്വന്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 23 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും ഇവിടെ വിജയിച്ചു.