ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേറ്റ നവീന്‍ പട്നായികിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നവീന്‍ പട്നായികിനും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ എന്ന് അദ്ദേഹം കുറിച്ചു. ഒഡീഷയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണ സഹകരണം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് അഞ്ചാം തവണയാണ് നവീന്‍ പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ഗണേശി ലാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
Congratulations to Shri Naveen Patnaik Ji on taking oath as Odisha’s Chief Minister. Best wishes to him and his team in fulfilling the people’s aspirations. I assure complete cooperation from the Centre in working for Odisha’s progress. @Naveen_Odisha
— Narendra Modi (@narendramodi) May 29, 2019
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി എത്തിയത്. പട്നായികിനൊപ്പം നിരവധി ബിജെഡി നേതാക്കളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നുണ്ട്. മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പുറമെ 10 പുതുമുഖങ്ങളേയും കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് പേര് വനിതകളാണ്.
72കാരനും ബിജെഡി നേതാവുമായ പട്നായിക് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുള്ള നേതാവാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലങ്ങളിലായി മത്സരിച്ച പട്നായിക് രണ്ടിടത്തും വിജയം നേടിയിരുന്നു. സ്വന്തം മണ്ഡലമായ ടര്‍ഫ് ഹിന്‍ജിലിയിലും ബിജാപൂരിലുമാണ് പട്നായിക് ജയിച്ചത്. 2000ത്തിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അശോക് ചന്ദ്ര പാണ്ഡ, സമീര്‍ രഞ്ജന്‍ ദശ്, ജ്യോതി പ്രകാശ് പാണിഗ്രഹി, ദിബ്യ ശങ്കര്‍ മിശ്ര, പ്രേമാനന്ദ നായക്, രഘുനന്ദന് ദാസ്, പദ്മിനി ദിയന്‍, തുഷാര്‍കാന്തി ബെഹറ, ജഗന്നാഥ് സരക എന്നിവരും സംസ്ഥാന മന്ത്രിമാരായി ഇന്ന് ചുമലയേല്ക്കുന്നുണ്ട്.