ഈദ് അവധിദിവസങ്ങളിൽ ദുബായിൽ പൊതു ഇടങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെട്രോ ഉൾപ്പടെയുള്ള പൊതു ഗതാഗത സൗകര്യങ്ങളുടെ സമയക്രമവും അവധി ദിനങ്ങളിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.
ഈദ് അവധി ദിനങ്ങളായ ജൂൺ രണ്ട് ഞായറാഴ്ച മുതൽ ആറാം തീയതി വ്യാഴാഴ്ച വരെ ദുബായിലെ പൊതു പാർക്കിങ് ഇടങ്ങളിൽ സൗജന്യ പാർക്കിങ് ആയിരിക്കും. വെള്ളിയാഴ്ച ഉൾപ്പടെ തുടർച്ചയായി ആറു ദിവസങ്ങൾ സൗജന്യ പാർക്കിങ് സൗകര്യം ലഭിക്കും. എന്നാൽ ബഹുനില പാർക്കിങ് ഇടങ്ങളിൽ ഈ സൗജന്യം ഉണ്ടാവില്ല. ഈദ് ദിനങ്ങളിലെ മെട്രോ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. റെഡ് ലൈൻ മെട്രോ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ചു മണി മുതൽ പിറ്റേന്ന് വെളുപ്പിന് രണ്ടു മണി വരെ സർവീസ് നടത്തും. വെള്ളിയാഴ്ച രാവിലെ പത്തു മുതൽ പിറ്റേന്ന് പുലർച്ചെ രണ്ടു വരെയും റെഡ് ലൈൻ മെട്രോ സർവീസ് ഉണ്ടാകും.
ഗ്രീൻ ലൈൻ മെട്രോ സേവനം തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ചര മുതൽ പിറ്റേന്ന് വെളുപ്പിന് രണ്ടു മണി വരെ ലഭ്യമാകും. വെള്ളിയാഴ്ചയിലെ ഗ്രീൻ ലൈൻ സർവീസ് രാവിലെ പത്തു മുതൽ പിറ്റേന്ന് പുലർച്ചെ രണ്ടു മണി വരെ ആയിരിക്കും. മെട്രോ ഫീഡർ ബസ് സർവീസുകൾ പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ 2.10 വരെ സർവീസ് നടത്തും. ദുബായിലെ പ്രധാന ബസ് സ്റ്റേഷനുകളിൽ നിന്നുള്ള ബസ് സർവീസുകൾ പുലർച്ചെ 4.25 മുതൽ അർധരാത്രി 12.29 വരെയുണ്ടാകും. അൽ ഗുബൈബയിൽ നിന്നുള്ള ബസ് സർവീസ് പുലർച്ചെ 4.14 മുതൽ അർധരാത്രി 12. 58 വരെ ആയിരിക്കും. ആർ ടി എ യുടെ കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾക്ക് ജൂൺ 2 ഞായറാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ അവധി ആയിരിക്കും. അതേസമയം സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ സാധാരണ പോലെ പ്രവർത്തിക്കും.