കൊല്‍ക്കത്ത: വളരെ വിചിത്രമായാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതാനും നാളുകളായി പെരുമാറുന്നതെന്ന പരിഹാസവുമായി ബിജെപി നേതാവ് ബംഗാള്‍ ദിലീപ് ഘോഷ്. അവര്‍ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നതാണോ, അതോ മനസ്സിന്റെ സമനില കൈവിട്ടതാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം എന്ന മുഴക്കിയവര്‍ക്കെതിരെ ക്ഷുഭിതയായതും ഇത് വിളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള നിലപാടിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം മുഴക്കിയവര്‍ ബിജെപിക്കാരാണെന്നും, ഇവര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണെന്നുമായിരുന്നു മമതയുടെ ആക്രോശം.
‘ജയ് ശ്രീറാം വിളി കേട്ടപ്പോള്‍ മമത ബാനര്‍ജിക്ക് ദേഷ്യം വന്നുവെന്നതിലൂടെ ഒരു കാര്യം തെളിഞ്ഞിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ മനസിന്റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. സ്വന്തം പരാജയത്തെ അംഗീകരിക്കാന്‍ സാധിക്കാത്ത അവര്‍ ഇപ്പോള്‍ സംസ്ഥാനത്ത് വിഭജന രാഷ്ട്രീയം കളിക്കുകയാണ്. ആളുകള്‍ ജയ് ശ്രീറാം എന്ന് മുഴക്കുന്നതില്‍ അവര്‍ക്കെന്താണ് പ്രശ്നം. തന്നെ അപമാനിക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏകാധിപതികള്‍ ഒരിക്കലും അവരുടെ പരാജയം അംഗീകരിക്കില്ല. അതുകൊണ്ട് ഈ തോല്‍വിയും അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. പരാജയം മറച്ച് വച്ച് കൊണ്ട് വിഭജന രാഷ്ട്രീയം കളിക്കാനാണ് ഇപ്പോളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മമതയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം. രണ്ട് തവണ കാറില്‍ നിന്നിറങ്ങിയ മമത ജയ് ശ്രീറാം വിളിച്ചവരോട് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തന്നെ അപമാനിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ,ഇത് അനുവദിക്കാനാകില്ലെന്നും ,തനിക്കിത് സഹിക്കാനാകില്ലെന്നും മമത പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മമത നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.