അമേഠി: അമേഠി എംപി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും ബിജെപി നേതാവുമായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തില്‍ പ്രധാന കുറ്റവാളി അറസ്റ്റില്‍. വസിം എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷല്ഹപൂര് മേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വസിം ഉള്‍പ്പെടെ അഞ്ച് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച സംഭവത്തിലുള്‍പ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം, ഗോലു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗ് സ്മൃതി ഇറാനിക്ക് വേണ്ടി മണ്ഡലത്തില്‍ മുഴുനീളം പ്രവര്‍ത്തിച്ചിരുന്നു.