കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ റമദാൻ മാസത്തിൽ നാലാമത്തെ രക്തദാന ക്യാമ്പും പൂർത്തിയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റൻസ് ഓഫ് ഇന്ത്യ (ICAI), കുവൈത്ത് ചാപ്റ്ററിന്റെ മുഖ്യപങ്കാളിത്തത്തോടെയാണ് നാലാമത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ ഐസിഎഐ യുടെ അൻപതിനടുത്ത അംഗങ്ങൾ രക്തദാനം നടത്തി. ICAI സ്ഥാപകദിനാചരണത്തിന്റെ ഭാഗമായാണ് കുവൈത്ത് ചാപ്റ്റർ പ്രവർത്തകർ രക്തദാനം നടത്തിയത്.
സന്നദ്ധ രക്തദാന പ്രചരണപ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കാളികളാക്കുക എന്ന ബിഡികെ യുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. തുടർന്നുള്ള മാസങ്ങളിലും കുവൈത്തിലെ വിവിധ സാമൂഹ്യ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയും ഇത്തരത്തിലുള്ള കൂടുതൽ ക്യാമ്പുകൾ പ്ലാൻ ചെയ്തിട്ടുണ്ട്.