ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി ലോകബാങ്ക്. അടുത്ത 3 വര്‍ഷത്തേക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനം രേഖപ്പെടുത്തുമെന്ന് ലോകബാങ്കിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 31-ഓടെ അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനം ആയിരുന്നു. കേന്ദ്രസര്‍ക്കാരിനു കൂടുതല്‍ ആത്മവിശ്വാസം നല്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയെ അപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ക്രമാനുഗതമായി കുറവുണ്ടാകുമെന്ന് ലോകബാങ്ക് കണ്ടെത്തി. 2018-ല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായിരുന്നെങ്കില്‍ 2019-ല്‍ ഇത് 6.2 ശതമാനമായി കുറയുമെന്നാണ് കണ്ടെത്തല്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകും. 2020-ല്‍ 6.1 ശതമാനമായും 2021-ല്‍ 6 ശതമാനമായും കുറയും.
ചൈനയുടെ വളര്‍ച്ചാ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുന്നേറുമെന്നും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യതന്നെ തുടരുമെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2021-ല്‍ ചൈനയുടെ 6 ശതമാനത്തേക്കാള്‍ 1.5 ശതമാനം കൂടുതലായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. ആഗോള സാമ്പത്തിക നിലവാരത്തെക്കുറിച്ച് ലോകബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ക്കുറിച്ച് പ്രതിപാധിക്കുന്നത്.
വാണിജ്യമേഖലയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തവും, നിക്ഷേപവും വര്‍ധിച്ചതാണ് ഇന്ത്യയുടെ വളര്‍ച്ചക്ക് കാരണമെന്നും വേള്‍ഡ് ബാങ്ക് പറയുന്നു. ലോകരാക്ഷ്ട്രങ്ങള്ക്കിടയില് ഒഴിച്ചുകൂടാനാകാത്ത സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നു എന്ന് വ്യക്തമാക്കുന്നതാണ് വേള്‍ഡ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്.