അഹമ്മദാബാദ്: രാജസ്ഥാനിലെയും ഗുജറാത്തിലെയും വിവധ ഇടങ്ങളില്‍ ചെറു ഭൂചലനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 10.31ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഗുജറാത്തിലെ വിവിധ ജില്ലകളില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അഹമ്മദാബാദ്, സബര്‍കന്ത, ബനസ്കന്ത, ആരവല്ലി, അംബാജി എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. രാജസ്ഥാനിലെ ചില മേഖലകളില്‍ വളരെ ചെറിയ തോതില്‍ മാത്രമാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.
ഗുജറാത്തില്‍ ബനസ്കന്തയിലെ പലന്പൂരാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്) വ്യക്തമാക്കി. പലയിടങ്ങളിലും ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങി. ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്റ്റേറ്റ് കണ്ട്രോള് റൂം വ്യക്തമാക്കി.