ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ആ പദവി സച്ചിന് പൈലറ്റിന് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ പൃഥ്വിരാജ് മീണ. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഗെലോട്ട് രാജി വയ്ക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്തെത്തിയത്.
ഒരു സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമാണ്. അതേസമയം പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഈ പരാജയമെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി പ്രസിഡന്റിനാണ്. അശോക് ഗെലോട്ടിന് ഇപ്പോള്‍ പഴയ സ്വാധീനം നഷ്ടമായിരിക്കുകയാണ്. ചെറുപ്പക്കാരനായ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാവുകയാണെങ്കില്‍ അദ്ദേഹത്തിന് മികച്ച രീതിയില്‍ ഭരണം നടത്തിക്കൊണ്ടു പോകാനാകും. ഗുജ്ജാര്‍, ജാട്ട് തുടങ്ങിയ വിഭാഗങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഗെലോട്ടിന് സാധിക്കില്ലെന്നും, നേതൃമാറ്റം അനിവാര്യമാണെന്നും പൃഥ്വിരാജ് മീണ പറഞ്ഞു. രാജസ്ഥാനില്‍ തോഡബീമില് നിന്നുള്ള എംഎല്‍എയാണ് പൃഥ്വിരാജ് മീണ.
തന്റെ മകന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന് പൈലറ്റിനാണെന്ന് ഗെലോട്ട് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെലോട്ടിന് വിമര്‍ശനവുമായി എംഎല്‍എ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ജോഥ്പൂരില്‍ വലിയ വ്യത്യാസത്തിലാണ് ഇക്കുറി അശോക് ഗെലോട്ടിന്റെ മകനായ വൈഭവ് ഗെലോട്ട് പരാജയപ്പെട്ടത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിനോട് നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വൈഭവ് പരാജയപ്പെട്ടത്. വിജയിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധാരാളം പേര് വരുമെന്നും, പരാജയപ്പെട്ടാല്‍ ആരും യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ലെന്നും ഗെലോട്ട് വിമര്‍ശനം ഉന്നയിച്ചിരുന്നു.