ന്യൂഡല്‍ഹി ; രാജ്യത്തെ പത്ത് കോടി കുടുംബങ്ങള്‍ക്ക് പ്രയോജനകരമായ ആയുഷ്മാന്‍ ഭാരതില്‍ എല്ലാ സംസ്ഥാനങ്ങളും അംഗമാകണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് . ഡല്‍ഹി, ഒഡീഷ, തെലുങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് നിര്‍ദേശം .
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് , ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് , പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത, എന്നിവരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും , തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുമായി ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഹര്ഷവര്ദ്ധന് പറഞ്ഞു .
രാജ്യത്തെ എല്ലാ ജനങ്ങളെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനും, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കാനുമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു .
ലോകത്തെ ഏറ്റവും ബൃഹത്തായ ചികിത്സാ പദ്ധതി ആയുഷ്മാന്‍ ഭാരതിലുടെ ഇതുവരെ ചികിത്സ തേടിയത് 10 ലക്ഷം പേരാണ് . ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 നാണ് പദ്ധതി നിലവില്‍ വന്നത്. പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും .
രാജ്യത്തെ ഗുണഭോക്താക്കള്‍ക്കെല്ലാം കുടുംബത്തിന്റെ വിശദാംശങ്ങളടങ്ങിയ ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ കത്തുകള്‍ നേരിട്ടെത്തിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാരാണ് അടയ്ക്കുക. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകള്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാണ്.