യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രന്മാരുടെ വിവാഹ ആഘോഷങ്ങൾ ഇന്നാണ്. ദുബായ് കാത്തിരുന്ന ആഘോഷ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത് ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ്.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ആയ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളഡ്ജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ വിവാഹ ആഘോഷ ചടങ്ങുകൾ ആണ് ഇന്ന് ദുബായിൽ നടക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങൾ രാവേറെ നീണ്ടു നിൽക്കും. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് സബീൽ പാലസ് അണിഞ്ഞൊരുങ്ങി കഴിഞ്ഞു.
ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് പ്രമുഖ വ്യക്തികൾ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കും. ജി സിസി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളും ചടങ്ങിനെത്തും. കാലിഗ്രാഫി രീതിയിൽ സുവർണ ലിപികളാൽ തയ്യാറാക്കിയ വിവാഹ ക്ഷണക്കത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വെളിച്ച വിന്യാസത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സബീൽ പാലസിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ പുറത്തു വിട്ടു. ഇക്കഴിഞ്ഞ മാസം വിവാഹത്തിന്റെ ഭാഗമായുള്ള മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു.