India

അലിഗഡില്‍ രണ്ടര വയസുകാരയെ ക്രൂരമായി കൊലപ്പെടുത്തി അഴുക്കുചാലില്‍ തളളി; പ്രതിഷേധം ശക്തമാകുന്നു

ലക്‌നൗ: മുത്തച്ഛനുമായുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അലിഗഡില്‍ പ്രതികാര കൊലപാതകം. രണ്ടര വയസുള്ള പേരക്കുട്ടിയെ കൊന്ന് അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്.

മുത്തച്ഛനുമായി അയല്‍ക്കാര്‍ക്കുള്ള വായ്പാ ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍ക്കാരായ സാഹിദ്, അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്. പിഞ്ചു കുഞ്ഞിനോടു ചെയ്ത കൊടും ക്രൂരതക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമാണ്.

മെയ് 30 മുതല്‍ കുട്ടിയെ കാണാതായിരുന്നു. പിന്നീട് കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ അഴുക്കുചാലില്‍ നിന്നും തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചു പുറത്തിട്ടപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടെങ്കിലും ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

കുട്ടിയുടെ മുത്തച്ഛനില്‍ നിന്നും 50,000 രൂപ അയല്‍ക്കാരനായ സാഹിദ് വായ്പയായി വാങ്ങിയിരുന്നു. ഇതില്‍ 10,000 രൂപ തിരിച്ചു നല്‍കാത്തതിനേ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇതിനു അനുഭവിക്കേണ്ടി വരുമെന്ന് സാഹിദ് വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 363 വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാഹിദാണ് കൊലപാതകം നടത്തിയതെന്നും അസ്‌ലം കൊലപാതകത്തിനു കൂട്ടു നിന്നെന്നുമാണ് പോലീസിന്റെ നിഗമനം. സാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് അസ്‌ലമിന്റെ പങ്കിനെക്കുറിച്ചുള്ള വിവരം പുറത്തു വന്നത്. അസ്‌ലമിന്റെ വീട്ടിലാണ് കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചിരുന്നതെന്നും പിന്നീടാണ് അഴുക്കുചാലില്‍ തള്ളിയതെന്നും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാശ് കുലാരി പറഞ്ഞു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരിക്കും അന്വേഷണമെന്ന് അലിഗഡ് പോലീസ് അറിയിച്ചു. ഈ നിയമം അനുസരിച്ച് രാജ്യത്തിനു ഭിഷണി ഉയര്‍ത്തുന്ന വ്യക്തികളെ നിയമതടസങ്ങളില്ലാതെ തടവിലാക്കാന്‍ സര്‍ക്കാരിനു സാധിക്കും.

കൃത്യനിര്‍വഹണത്തില്‍ പിഴവുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് അഞ്ച് പോലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെ കേസ് കാര്യക്ഷമമായി അന്വേഷിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഫോറന്‍സിക് സയന്‍സ് ടീം, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, എന്നിവര്‍ക്കൊപ്പം മറ്റ് വിദഗ്ദ്ധരടങ്ങിയ ഒരു ടീമിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ പോക്‌സോ നിയമവും ഉള്‍പ്പെടുത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ ഇന്നലെ കുട്ടികളടക്കം നിരവധി ആളുകളാണ് മെഴുകുതിരി തെളിയിച്ച് പ്രാര്‍ത്ഥന നടത്തിയത്. കുറ്റവാളികള്‍ക്ക് രാജ്യത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യം ശക്തമാണ്.

നേരത്തെ, കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളായ അഭിഷേക് ബച്ചന്‍, ട്വിങ്കിള്‍ ഖന്ന, ആയുഷ്മാന്‍ ഖുരാന എന്നിവര്‍ സംഭവത്തില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close