ന്യൂ ഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ(ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്)ത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഇതര സംഘടന(എന്‍ജിഒ)കള്‍ക്കുമേല്‍ പിടിമുറുക്കി അമിത് ഷാ. സംഘടനകളിലെ പ്രധാന ഭാരവാഹികളില്‍ മാറ്റമുണ്ടാവുകയാണെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റ ശേഷമുള്ള ആദ്യ വിജ്ഞാപനമാണിത്.
2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 11, 12 വകുപ്പുകള്‍ പ്രകാരം വിദേശത്തു നിന്ന് ധനസഹായം സ്വീകരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഇതര സംഘടനകളും രജിസ്ട്രേഷന് വേളയില്‍ത്തന്നെ അവയുടെ ഭാരവാഹികളെ സംബന്ധിച്ചുള്ള വിവരം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ നിയമം പല സംഘടനകളും കൃത്യമായി പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
വിദേശ സഹായം നേടുന്ന സംഘടനകളുടെ വിവരവും അവയുടെ വിനിയോഗ മാര്‍ഗങ്ങളും നിരീക്ഷിക്കാനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ സംവിധാനവും അവതരിപ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാത്ത സംഘടനകള്‍ക്ക് വിദേശത്തു നിന്നുള്ള ഫണ്ട് സ്വീകരിക്കാന്‍ കഴിയാത്ത വിധം ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) രജിസ്ട്രേഷന് എടുത്തുകളയുകയും ചെയ്തിരുന്നു. 2016-17 വര്‍ഷത്തില്‍ രാജ്യത്ത് 23,176 ഏജന്‍സികള്‍ക്ക് രജിസ്ട്രേഷന് ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ 12000-ത്തോളം മാത്രം കമ്പനികള്‍ക്കേ രജിസ്ട്രേഷനുള്ളൂ.
പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബോധപൂര്‍വ്വം ചില പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. വലിയ തോതില്‍ വിദേശത്തു നിന്നും ധനസഹായം ലഭിക്കുന്ന സംഘടനകള്‍ ഇത് രാജ്യ താല്പ്പര്യത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.