കൊൽക്കത്ത ; ലോക്സഭ തെരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിനു ശേഷം ബംഗാളിൽ ബിജെപി ശക്തി വർദ്ധിപ്പിക്കുന്നു. 17 ഗൂർഖ ജനമുക്തി മോർച്ച കൗൺസിലർമാർ ബിജെപിയിൽ ചേർന്നതോടെ ഡാർജിലിംഗ് മുനിസിപ്പാലിറ്റി ഭരണവും ബിജെപിക്ക് ലഭിച്ചു. 32 അംഗങ്ങളുള്ള മുനിസിപ്പാലിറ്റിയിൽ ഇതോടെ ബിജെപിക്ക് ഭൂരിപക്ഷമായി. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇത് അഞ്ചാമത്തെ മുനിസിപ്പാലിറ്റിയാണ് ബിജെപി ഭരണത്തിലേക്കെത്തുന്നത്.
നേരത്തെ ഭട്ട്പാറ, കാഞ്ച്രപ്പാറ,ഹാലിഷഹർ, നൽഹട്ടി എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഭരണം നേടിയത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി എം.പിയുമായ അർജുൻ സിംഗിന്റെ മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളാണിവ.കഴിഞ്ഞ മാസം കൗൺസിലർമാരുൾപ്പെടെ നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. സിപിഎം എം.എൽ.എ ദേബേന്ദ്രനാഥ് റോയിയും ബിജെപി അംഗത്വമെടുത്തിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിനു ശേഷം വലിയ പ്രതിസന്ധിയാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്നത്. നിരവധി നേതാക്കൾ ബിജെപിയ്ക്കൊപ്പം ചേരാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.