ന്യൂഡൽഹി: മാലദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. രാവിലെ 11 മണിയോടെ കൊളംബോയിലെത്തുന്ന പ്രധാനമന്ത്രി, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്ച നടത്തും. ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായും അദ്ദേഹം ചർച്ച നടത്തും.
ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അദ്ദേഹം ശ്രീലങ്കയെ അറിയിക്കും. ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം നരേന്ദ്രമോദി വൈകിട്ടോടെ ഇന്ത്യയിലേക്ക് മടങ്ങും.
നേരത്തെ മാലിദ്വീപ് സന്ദർശനത്തിലും ഭീകരവാദത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. തീവ്രവാദം മനുഷ്യത്വത്തിന് വെല്ലുവിളിയാണെന്നും, തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായി ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചു ചേർക്കണമെന്നും പ്രധാനമന്ത്രി മാലിദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.