ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി. ഭീകരവാദത്തിനെതിരെയുള്ള പാകിസ്ഥാന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് വ്യക്തമാക്കി. കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഭീകരതക്കെതിരെ പാകിസ്ഥാന് സ്വീകരിച്ചെന്ന് പറയപ്പെടുന്ന 27 നടപടികളില്‍ 18 എണ്ണവും തൃപ്തികരമല്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് പാകിസ്ഥാനെ രേഖാമൂലം അറിയിച്ചു.
കള്ളപ്പണം, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്കല് എന്നിവ തടയാന്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്. ലഷ്കര്‍ ഇ തോയ്ബ, ജയ്ഷെ മുഹമ്മദ്, അല്‍ ഖ്വയ്ദ,താലിബാന് മുതലായ എട്ട് ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്ഥാന് സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നാണ് ഏഷ്യ പസഫിക് ഗ്രൂപ്പ് വ്യക്തമാക്കിയത്. തുടര്‍ന്നും സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെയുള്ള നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ഇതിനു പിന്നാലെ കഴിഞ്ഞ കുറേ നാളുകളായി പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ഇതേ തുടര്‍ന്ന് പാകിസ്ഥാന് പൗരന്മാരോട് ജൂണ്‍ 30-നു മുന്‍പായി സ്വത്ത് വിവരം വെളിപ്പെടുത്താനും നികുതി അടക്കാനും ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിനു ഒരു നാള് മാത്രം ശേഷിക്കേയാണ് അഭ്യര്‍ത്ഥനയുമായി ഇമ്രാന് ഖാന് രംഗത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത 6000 കോടിയില്‍ നിന്നും 30,000 കോടി രൂപയായി ഉയര്‍ന്നെന്നും കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി. ധനസമാഹരണത്തിന്റെ ഭാഗമായി എല്ലാവരും നികുതി അടക്കണമെന്നും ഇമ്രാന് ഖാന് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയോടൊപ്പം കരിമ്പട്ടികയില്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഐഎംഫില്‍ നിന്നുള്ള സാമ്പത്തിക സഹായവും പാകിസ്ഥാന് നഷ്ടമാകും.