റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 യാത്രക്കാര്‍ക്ക് പരിക്ക്. സൗദിയിലെ അബഹ എയര്‍പോര്‍ട്ടിലെ അറൈവല്‍ ടെര്‍മിനലില്‍ ഇന്ന് പുലര്‍ച്ചെ 2.21നാണ് ആക്രമണമുണ്ടായത്. ഇന്ത്യ, സൗദി, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചുിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. ഏത് തരത്തിലുള്ള മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സഖ്യസേന വക്താവ് കേണല്‍ ജനറല്‍ ടര്‍ക്കി അല്‍മാലിക്കി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസമായി സൗദിക്ക് നേരെ ഹൂതി വിഭാഗം ആക്രമണം കടുപ്പിച്ചിരുന്നു. ഹൂതികള്‍ക്ക് പുതിയ ആയുധങ്ങള്‍ ഇറാന് നല്‍കുകയാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന് നേതൃത്വം നല്‍കുകയാണെന്നും സഖ്യ സേന വക്താവ് പറഞ്ഞു. മെയ് മാസം അവസാനം മക്കയേയും ജിദ്ദയേയും ലക്ഷ്യമാക്കി വിമതര്‍ തൊടുത്ത മിസൈലുകള്‍ സൗദി തകര്‍ത്തിരുന്നു.