തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ധന സംബന്ധിച്ച വിവാദ ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലും സീറ്റുകള്‍ വര്‍ധിപ്പിച്ച് കൊണ്ടാണ് സര്‍ക്കാര്‍ തിരുത്തിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ന്യൂനപക്ഷ പദവിയില്ലാത്ത സ്വാശ്രയ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് വിവാദത്തിലായത്.സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനായി 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ സീറ്റ് കൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്കിയപ്പോള് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാനുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്.
ഇതില്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളേജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ന്യൂനപക്ഷ കോളേജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്.