കൊച്ചി: ശബരിമല പ്രതിഷ്ഠാദിനം പ്രമാണിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രാര്‍ത്ഥനാദിനം ആചരിച്ചു. പ്രാര്‍ത്ഥനാദിനത്തിന്റെ ഭാഗമായി കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചു.
ചോറ്റാനിക്കരഭഗവതിക്ഷേത്രം, ചമ്പക്കര ഭുവനേശ്വരി ക്ഷേത്രം, കൊച്ചി അമരാവതി ഭഗവതി ക്ഷേത്രം, കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രം തുടങ്ങി ഇരുന്നൂറോളം ക്ഷേത്രങ്ങളില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരും ഭക്തജനങ്ങളും ഒരുമിച്ച് ചേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനായജ്ഞം നടത്തി.
കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞം ശബരിമല കര്‍മ്മസമിതി ജില്ലാ അധ്യക്ഷന്‍ എന്‍ ആര് സുധാകരന് ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ എസ് അജിത് കുമാര്‍, ബിമല്‍ ചന്ദ്രന്, ബേബി പവിത്രന് എസ്, രാജേന്ദ്രന് കെ, രശ്മി ബാബു സിന്ധു, ജലജ, ആചാരി സുധന് ശങ്കരന്‍കുട്ടി എന്നിവര്‍ പ്രാര്‍ത്ഥനാ യജ്ഞത്തിന് നേതൃത്വം കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആചാരലംഘനത്തിന് വേണ്ടി നടത്തിയ ഹീനവും ക്രൂരവും നിന്ദ്യവുമായ നടപടികളെ തുറന്നു കാട്ടുന്നതിനും സുപ്രീം കോടതി വിധി ശബരിമലയെ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്നും ഈ വിധി സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തുറന്നു കാട്ടുന്നതിനും പ്രശ്ന പരിഹാരത്തിനും വേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജനജാഗരണ പദ്ധതിയുടെ ആദ്യഘട്ടമാണ് പ്രാര്‍ത്ഥനാ ദിനത്തോടു കൂടി സമാരംഭിച്ചിരിക്കുന്നത്.