കൊല്‍ക്കത്ത: രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന ബംഗാളില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലാണ് യോഗം. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യോഗത്തിനുള്ള ക്ഷണം ലഭിച്ചതായി കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടമായത്. ഇന്നലെയും ഒരു ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം കത്തിച്ച നിലയിലായിരുന്നു ശരീരം. സംഭവത്തിന് പിന്നാലെ തൃണമൂല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് ബിജെപി റാലി നടത്തിയിരുന്നു. റാലിക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചിരുന്നു. പൊലീസ് തിരിച്ചടിയില്‍ ബിജെപി നേതാക്കളായ മുകുള്‍ റോയ്, രാജു ബാനര്‍ജി എന്നിവര്‍ക്ക് പരിക്കേറ്റു. നൂറ് കണക്കിന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.