തിരുവനന്തപുരം; ബഹിരാകാശത്ത് ഭൂമിയെ വലം വയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തില്‍ കാണാനാകും. വൈകിട്ട് 7.38ന് ശേഷമാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്പെയ്സ് സെന്റര്‍ കാണാനാകുന്നത്. മഴക്കാറില്ലെങ്കില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഐഎസ്എസ് കാണാനാകും. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമുള്ളവര്ക്കാണ് ഐഎസ്എസ് ഭൂമിയെ വലം വയ്ക്കുന്നത് കാണാനാകുന്നത്.
ഏതാനും മിനിട്ടുകള്‍ മാത്രമാകും ഇത് ദൃശ്യമാകുന്നത്. 7.43ഓടു കൂടി ഐഎസ്എസ് കാഴ്ചയില്‍ നിന്ന് മറയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയത്തെ വളരെ എളുപ്പത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും. ആകാശത്ത് സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും അധികം തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്.
അമേരിക്ക, റഷ്യ, ജപ്പാന്, കാനഡ, ബ്രസീല്‍, യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയിലെ ആറ് രാജ്യങ്ങള്‍ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. സെക്കന്റില്‍ 7.66 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. അതായത് മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ ദൂരം ഈ നിലയം പിന്നിടും. 92.69 മിനിട്ട് കൊണ്ട് ഭൂമിയെ ഒരു തവണ വലം വക്കാന്‍ ഇതിന് സാധിക്കും.