മുംബൈ: ആസിഡ് ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ
വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ബോംബെ ഹൈക്കോടതി. ഡല്‍ഹി സ്വദേശിയായ നഴ്സ് പ്രീതി രാഠി(23) കൊല്ലപ്പെട്ട കേസിലാണ് പ്രതി അങ്കുര്‍ പന്വാറിന്റ ശിക്ഷ കോടതി ഇളവ് ചെയ്തത്. ശിക്ഷയ്ക്കെതിരെ പ്രതി നല്കിയ അപ്പീലിലാണ് ജസ്റ്റിസ് ബി.പി.ധര്‍മ്മാധികാരി, ജസ്റ്റിസ് പി.ഡി.നായിക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിധി.
2013 മെയ് 2നായിരുന്നു കേസിനാസ്പദമായ സംഭവം. ദക്ഷിണമുംബൈയില്‍ നാവിക സേനയുടെ അശ്വനി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങവെയാണ് യുവതി ആക്രമിക്കപ്പെട്ടത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായ പൊള്ളലേറ്റ പ്രീതി ജൂണ്‍ ഒന്നിനാണ് മരിച്ചത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരത്തിലാണ് അങ്കുര്‍ പവാര്‍ യുവതിക്ക് നേരെ ആസിഡൊഴിച്ചത്. തുടര്‍ന്ന് 2016ല്‍ പ്രത്യേക കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. രാജ്യത്ത് ആസിഡ് ആക്രമണ കേസില്‍ ഒരു പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് ആദ്യമായിരുന്നു.
പ്രതിയെ കേസില്‍ ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ ഫൊറന്‍സിക് തെളിവുകളില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.