വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ പോലീസ് നടപടി എടുക്കാന്‍ വൈകിയാല്‍ നിയമം കൈയിലെടുക്കാനും മടിക്കില്ലെന്ന് കെ സുധാകരന്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതുവരെ സമരം ചെയ്യുമെന്ന് കെ സുധാകരന് പറഞ്ഞു. നസീറിനെ ആക്രമിച്ച കേസുമായി ആരോപണ വിധേയനായ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിനിടയാണ് സുധാകരന് ഇക്കാര്യം വ്യക്തമാക്കിയത്.
കെ മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിന്റെ ആക്രമിക്കാന്‍ അയച്ചത് ആരാണെങ്കിലും അത് കണ്ടെത്താന്‍ പോലീസ് തയ്യാറാകണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്നേഹം പറയുന്ന സി.പി.എമ്മുകാര്‍ തന്നെയാണ് നോമ്പ് തുറ കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ഒ ടി നസീറിനെ കൊല്ലാന്‍ നോക്കിയത്. ഇത് തന്നെ അവരുടെ ന്യൂന പക്ഷ പ്രേമം കപടമാണെന്ന് വ്യക്തമാക്കുകയാണ്. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ അടിയന്തിര പ്രമേയം വന്നിട്ടും നിയമസഭയില്‍ വിശദീകരണം നല്കാന് ഷംസീര്‍ തയ്യാറായില്ലെന്നും സഭ രേഖകളില്‍ കേസിലെ പ്രതി ഷംസീറാണെന്നും കെ.മുരളീധരന് പറഞ്ഞു.
നസീറിനെ ആക്രമിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ ഷംസീറിലേക്ക് നീണ്ടതോടെയാണ് കോണ്‍ഗ്രസ് ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.