കൊച്ചി: സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാട് സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
സിനിമാ ടിക്കറ്റില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജിഎസ്ടിക്ക് പുറമേ 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക്കാണ് പ്രഖ്യാപിച്ചത്.
അതിനിടെ 28 ശതമാനം ജിഎസ്ടി നിരക്കില്‍ 10 ശതമാനം കുറവ് വന്നിരുന്നു. പക്ഷേ വിനോദ നികുതി കൂടി വന്നതോടെ ആ ഇളവ് വെറുതെയാകുകയായിരുന്നു. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു വീണ്ടും 11% വില വര്‍ധിക്കുന്ന രീതിയിലായി.
സിനിമ വ്യവസായം ഏറെ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തന്നെ അധിക നികുതി കൂടി വന്നാല്‍ തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറഞ്ഞെന്നും ഇത് സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.