അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഷാർജയിൽ വിപുലമായ യോഗ പ്രദർശന പരിപാടികൾ ഒരുക്കുമെന്ന് മുഖ്യ സംഘാടകരായ ഏകതാ അറിയിച്ചു. അന്താരാഷ്ട്ര യോഗാ ദിനമായ 2019 ജൂൺ 21 ന് ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടികൾ നടക്കുന്നത്.
ഷാർജ സ്പോർട്സ് കൗണ്‍സിലിന്റെ രക്ഷാകര്‍തൃത്വത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും, ഷാർജ എഫ് ഓ ഐ ഇവന്റസിന്റെയും സഹകരണത്തോടെയാണ് അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടികൾ ഷാർജയിൽ സംഘടിപ്പിക്കുന്നത്. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6.30 മുതൽ രാത്രി പത്തു മണി വരെ നീണ്ടു നിൽക്കുന്ന പൊതു പരിപാടിയിൽ വിവിധ യോഗാ സമ്പ്രദായങ്ങളുടെ അവതരണം ഉണ്ടാകും. യു എ ഇ യിലെ പ്രമുഖ യോഗാ ആചാര്യന്മാർ പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് സംയുക്ത യോഗാഭ്യാസ പ്രകടനവും, അന്താരാഷ്ട്ര യോഗാ ദിനാചരണ പ്രോട്ടോകോൾ അനുസരിച്ചുള്ള യോഗാ പ്രദർശനവും ഉണ്ടാകും. രണ്ടായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാർജ എമിറേറ്റിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും, വിവിധ പ്രവാസി സംഘടനകളിൽ നിന്നുള്ള അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റിലെയും, ഷാർജാ സ്പോർട്സ് കൗണ്‍സിലിലെയും പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും.