ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ എ എന്‍ 32 വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യോമസേനയുടെ പ്രത്യേക സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമുള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെറിന്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ് എന്നിരാണ് മരിച്ച മലയാളികള്‍. മരണപ്പെട്ടവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറി അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.