മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പ്രതീക് വഡേക്കര്‍ ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയതായി ഷിര്‍ദി ഇന്‍സ്പെക്ടര്‍ അനില്‍ കട്കെ അറിയിച്ചു.
ബന്ധുവിന്റെ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും ബന്ധുക്കളും. ചടങ്ങുകള്‍ക്ക് ശേഷം ഹോട്ടല്‍ മുറിയിലെത്തിയ പ്രതീക് ബന്ധുക്കള്‍ക്കൊപ്പം തോക്ക് ഉപയോഗിച്ച് ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അബദ്ധത്തില്‍ പ്രതീകിന് വെടിയേല്‍ക്കുകയായിരുന്നു.
പ്രതീകിന് വെടിയേറ്റതോടെ മുറിയിലുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ പുറത്തേക്കോടി. ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ പ്രതീകിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.