തിരുവനന്തപുരം; ചന്ദ്രയാന്‍-2 ദൗത്യം വൈകിപ്പിച്ചത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണെന്ന വിമര്‍ശനവുമായി മുന്‍ ഐഎസ്ആര്‍ഒ മേധാവി ജി.മാധവന് നായര്‍. യഥാര്‍ത്ഥത്തില്‍ 2012ല്‍ സാധ്യമാകേണ്ടിയിരുന്ന ഒന്നാണ് ചന്ദ്രയാന്‍-2 ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ‘ കാലതാമസമുണ്ടാകുക എന്നത് അത്ര പ്രശ്നമുള്ള കാര്യമല്ലായിരിക്കാം. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രയാന്‍-1 വിക്ഷേപിക്കുന്നത്. തുടര്‍ ദൗത്യമായ ചന്ദ്രയാന്‍-2 2012ല്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം ഈ മിഷന് നീണ്ടു പോവുകയായിരുന്നു’. വെന്നും മാധവന് നായര്‍ പറഞ്ഞു.
‘ എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം, മോദി ജീ, നിലവിലെ ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം ബഹിരാകാശ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി ഡിസൈനുകളാണ് ഐഎസ്ആര്‍ഒ തയാറാക്കിയത്. ബുദ്ധിമുട്ടേറിയ ഇത്തരം ഒരു സാറ്റലൈറ്റിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒയിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ജി.മാധവന് നായര്‍ പറഞ്ഞു. 2008ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-1ന്റെ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയത് ജി.മാധവന് നായരായിരുന്നു. 2003 മുതല്‍ 2009 വരെ ഐഎസ്ആര്‍ഒ ചെയര്മാന് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
അടുത്ത മാസം 15നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രയാന്‍-2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ പുറത്ത് വിട്ടിരുന്നു. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് പ്രധാന ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ -2 ദൗത്യം ലക്ഷ്യമിടുന്നത്.