കൊച്ചി: നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പകല്‍ സര്‍വീസുകള്‍ ഒഴിവാക്കും. റണ്‍വെ പുനര്‍നിര്‍മ്മാണം നടത്തേണ്ടുന്നതിനാലാണ് പകല്‍ സര്‍വീസുകള്‍ ഒഴിവാക്കുന്നതെന്നാണ് വിവരം. പകല്‍ സമയത്ത് നടത്തുന്ന സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റണമെന്ന് വിമാനക്കമ്പനികളോട് വിമാനത്താവള അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നവംബര്‍ 20ന് ആരംഭിക്കുന്ന റണ്‍വെ പുനര്‍നിര്‍മ്മാണം 2020 മാര്‍ച്ച് 28 വരെ നീളുമെന്നാണ് നിഗമനം. ഈ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. പകല്‍ സമയത്തെ സര്‍വീസുകളെല്ലാം രാത്രിയിലായിരിക്കും ഉണ്ടാവുക.
പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന റണ്‍വെ പുനര്‍ നിര്‍മ്മാണമാണ് കൊച്ചിയിലും നടത്തുന്നത്. എല്ലാ വിമാനത്താവളങ്ങളും പത്ത് വര്‍ഷം കൂടുമ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്നത് നിര്‍ബന്ധമാണ്. 2009ലാണ് അവസാനമായി റണ്‍വെ റീ കാര്‍പെറ്റിംഗ് നടത്തിയത്. 1999ലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.