ശബരിമല : മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷം മാത്രമെ ഇരുമുടി കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടികയറി ദർശനം നടത്താൻ അനുവദിക്കുകയുള്ളൂ. ഇന്ന്പൂജകൾ ഒന്നും ഉണ്ടാകില്ല.
മിഥുനം ഒന്നായ നാളെ രാവിലെ നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.20 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.