ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ചാരവൃത്തിക്കേസില്‍ വിചാരണ ചെയ്യാന്‍ അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസില്‍ വരുന്ന ഫെബ്രുവരിയില്‍ വാദം കേള്‍ക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റേ് കോടതിയാണ് കേസില്‍ വാദം കേള്‍ക്കുക. നിലവില്‍ ബ്രിട്ടനില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അസാഞ്ജ്. അഫ്ഗാനിസ്ഥാന്, ഇറാഖ് യുദ്ധങ്ങള്‍ സംബന്ധിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തിയതിന് വിചാരണ ചെയ്യാന്‍ അസാഞ്ജിനെ കൈമാറണമെന്ന് ബ്രിട്ടനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ ഈ ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എങ്കിലും കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടി എടുക്കാന്‍ സാധിക്കു.
ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ടുള്ള കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012ല്‍ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ജ് അഭയം തേടുകയായിരുന്നു. ഇക്വഡോര്‍ സര്‍ക്കാരിന്റെ നടപടികളില്‍ ഇടപെട്ടതോടെ, അവര്‍ രാഷ്ട്രീയാഭയം നിഷേധിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ അസാഞ്ജിനെ ബ്രിട്ടന് പിടികൂടുകയായിരുന്നു. പഴയ കേസുകളില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 50 ആഴ്ച ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അസാഞ്ജ് ഇപ്പോള്‍.