ആയൂര്‍: കൊട്ടാരക്കരക്കു സമീപം ആയൂരിലുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ച് 9 യാത്രക്കാര്‍ക്ക് പരിക്ക്. ബസ് റെഡിമിക്സ് ടാങ്കര്‍ വാഹനവുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം.
കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം കൊട്ടാരക്കര വയ്ക്കലിനും പൊലിക്കോടിനും ഇടയ്ക്കാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും വന്ന റെഡിമിക്സ് ടാങ്കറും കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ പ്രദേശത്ത് നടന്നു വരുന്ന റോഡ് പണിക്കായി കോണ്‍ക്രീറ്റുമായി വരികയിരുന്നു റെഡിമിക്സ് വാഹനം.
അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ വാളകത്തുള്ള മേഴ്സി ഹോസ്പിറ്റലിലും രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളതായാണ് പ്രാഥമിക വിവരം. 2 പേരുടെ നില ഗുരുതരമാണ്. 2.45 ഓടെയായിരുന്നു അപകടം. അലക്ഷ്യമായി ടാങ്കര്‍ലോറി റോഡിലേക്ക് ഇറക്കിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.