അബുദാബി ഹുദൈറിയത് ഐലന്റിൽ പുതിയ മൈതാനങ്ങൾ തുറന്നു. ബീച്ച് വോളിബോൾ, ഫുട്ബോൾ, ടെന്നീസ് എന്നിവയ്ക്കായി ഇരുപതോളം മൈതാനങ്ങളാണ് തുറന്നത്.
കായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക രീതിയിലുള്ള മൈതാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അൽ ബതീൻ ബീച്ചിനോട് ചേർന്നുള്ള പാലം കയറി ഇറങ്ങിയതാണ് ഹുദൈറിയതിലെ മൈതാനങ്ങളിൽ എത്തുക. ബീച്ചിലെയും സൗകര്യങ്ങളും മൈതാനങ്ങളും ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.
ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാല് ബീച്ച് ഫുട്ബോൾ കോർട്ട്, നാല് ഫുട്ബോൾ മൈതാനങ്ങൾ, ആറ് വോളിബോൾ കോർട്ട്, നാലുവീതം ബാസ്കറ്റ് ബോൾ, ടെന്നീസ് കോർട്ടുകൾ എന്നിവയാണ് ഇവിടെയുള്ളത്. രാവിലെ എട്ട് മണി മുതൽ അർദ്ധരാത്രി വരെ മൈതാനങ്ങൾ തുറന്നിടും.