ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ സിവില്‍ പോലിസ് ഓഫീസര്‍ അജാസിന്റെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്ട്രേറ്റ്് മൊഴി രേഖപ്പെടുത്തിയത്. അജാസിന്റെ വിവാഹ അഭ്യര്‍ത്ഥന സൗമ്യ നിരസിച്ചതിലും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് അജാസ് മൊഴി നല്‍കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. സൗമ്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അജാസ് പറഞ്ഞു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് വ്യക്തമാക്കി.
സൗമ്യയുടെ വീട്ടിലെത്തി എറണാകുളം റെയ്ഞ്ച് ഐ.ജി എം ആര് അജിത്ത് വിവരങ്ങള്‍ അന്വേഷിച്ചു. സൗമ്യയുടെ മകന്റെയും അമ്മയുടെയും മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വാഹനമിടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് തൊട്ടടുത്ത വീട്ടില്‍ അഭയംപ്രാപിച്ചെത്തിയ സൗമ്യയെ വെട്ടിവീഴ്ത്തുകയും പിന്നീട് പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നാട്ടുകാരാണ് അജാസിനെ പിടികൂടി പോലീസില്‍ എല്പ്പിച്ചത്. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസിനെ പോലീസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.