ന്യൂ ഡല്‍ഹി: ഈ മാസം 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ വ്യത്യസ്ത യോഗാസനങ്ങള്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ശലഭാസനമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ശലഭാസനം ചെയ്യുന്നതു കൊണ്ടുളള പ്രയോജനങ്ങള്‍ വ്യക്തമാക്കുന്ന ലഘു വിവരണത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബലവത്തായ കൈക്കുഴക്കും പുറം ഭാഗത്തുള്ള മാംസ പേശികള്‍ക്കും പ്രയോജനപ്രദമായ ഈ യോഗാസനം സ്പോണ്ടിലിറ്റിസ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് വീഡിയോയോടൊപ്പമുള്ള വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശലഭാസനം ചെയ്യുന്നത് കാല്‍ത്തുടയിലെ അമിത വണ്ണവും ശരീരത്തിലെ അമിത ഭാരവും കുറക്കാന്‍ സഹായിക്കുകയും ഒപ്പം ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഹൃദ്രോഗത്തിനും ഹെര്ണ്ണിയക്കും ഫലപ്രദമാണ് ശലഭാസനമെന്ന് വീഡിയോയില്‍ പറയുന്നു.
2.24 മിനിട്ട് ദൈര്‍ഘ്യമുള്ള 3ഡി ആനിമേഷന്‍ വീഡിയോയില്‍ നീല ടീ ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ട്രാക്ക് പാന്റുമണിഞ്ഞാണ് പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത്. ഘട്ടം ഘട്ടമായി കൃത്യമായ വിവരണത്തോടെ തുടക്കക്കാര്‍ക്ക് പോലും വളരെ ലളിതമായി മനസിലാകുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ യോഗാസന വീഡിയോകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയാണ് ദേശീയ പരിപാടിയുടെ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ പൊതുപരിപാടിയായിരിക്കും ഇത്.