കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡിആര്‍ഐ ഓഫീസിലെത്തിയാണ് വിഷ്ണു കീഴടങ്ങിയത്.
കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയതായാണ് വിവരം. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി മുന്‍പാകെ ഹാജരാക്കും. വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തും.
നേരത്തേ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിഷ്ണു ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തളളിയ കോടതി 17-ാം തീയതി കീഴടങ്ങണമെന്ന് വിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍, കഴക്കൂട്ടം സ്വദേശി സെറീന എന്നിവര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിന്റെ പങ്ക് പുറത്തു വന്നത്.