ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര യോഗ ദിനാചരണം ജൂൺ 20 ന് അബുദാബി ഉം അൽ ഇമാറാത്ത് പാർക്കിൽ നടക്കും. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന യോഗ ദിനാചരണത്തിൽ യു.എ.ഇയിലെ ഏഴ് യോഗ പഠന കേന്ദ്രങ്ങളിലെ ഗുരുക്കന്മാർ ആസനങ്ങൾ അവതരിപ്പിക്കും.യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥിയായിരിക്കും .പരിപാടിയിൽ ഇന്ത്യൻ സമൂഹത്തിന് പുറമെ സ്വദേശികളും അമേരിക്ക, സ്പെയിൻ, ജപ്പാൻ, വെനസ്വേല, ലബനീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഭാഗമാകും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണ് കഴിഞ്ഞ വർഷം നടന്ന യോഗ ദിനാചരണത്തിൽ ഭാഗമായത്.
വിവിധ യോഗാ അവതരണങ്ങൾക്ക് ശേഷം ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളും നടക്കും. ഉം അൽ ഇമാറാത്ത് പാർക്കിൽ പ്രവേശനം സൗജന്യമായിരിക്കും. പരിപാടിക്കെത്തുന്നവർക്ക് യോഗ മാറ്റും ടി ഷർട്ടും നൽകും.അബുദാബിയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാജ്യാന്തര യോഗ ദിനാചരണം ജൂൺ 28 ന് മുസഫയിലെ ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിൽ നടക്കും. ഐ.പി.എഫ് ,സയൻസ് ഇന്ത്യാ ഫോറം,മാസ്,മാക്സ് എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പത്മശ്രീ ജേതാവും അറബ് യോഗ ഫൗണ്ടേഷൻ പ്രസിഡന്റും സൗദി അറേബ്യയിലെ പ്രമുഖ യോഗഭ്യാസ ഗുരുവുമായ അറബ് വനിത നൗഫ് മുഹമ്മദ് അൽ മർവായി മുഖ്യാഥിതിയായിരിക്കും.
രാജ്യാന്തര യോഗ ദിനാചരണം ജൂൺ 28 ന് അൽ ഐൻ അൽ ജഹ്ലി പാർക്കിൽ നടക്കും.ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ഐ.പി.എഫ്, ഇഫ്കാ,സയൻസ് ഇന്ത്യ ഫോറം എന്നീ സംഘടനകൾ സഹകരിച്ചാണ് യോഗ ദിനാചരണം അൽ ഐൻ സംഘടിപ്പിക്കുന്നത്.വിവിധ രാജ്യക്കാരായ അയ്യായിരത്തിലേറെപ്പേർ പരിപാടിയിൽ പങ്കെടുക്കും.