തിരുവനന്തപുരം: ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുംൈബ ഓഷിവാര പോലീസ് ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു. അതേസമയം, ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.
33കാരിയായ മുംബൈ ബീഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
2009 മുതല്‍ 2018 വരെയുള്ള കാലത്ത് തന്നെ പല തവണ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്നും തന്നെ വിവാഹം ചെയ്യാമെന്ന് വാക്ക് തന്നിരുന്നെന്നുമാണ് യുവതിയുടെ പരാതി. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിക്ക് എട്ട് വയസുള്ള കുട്ടിയുമുണ്ട്. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും മനസിലാക്കിയതെന്നും പരാതിയില്‍ പറയുന്നു.