ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ഐ വി എസ് ഗ്ലോബൽ അപേക്ഷകർക്കായി ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ വിപുൽ ക്യൂ ടിക്കറ്റ് എന്ന് പേരിട്ട ഓൺലൈൻ പോർട്ടലിന്റെ ഉത്ഘാടനം നിർവഹിച്ചു.
സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള കോൺസുൽ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ് ഐ വി എസ് ഗ്ലോബൽ. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത് എന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
ക്യു ടിക്കറ്റ് ഡോട്ട് ഇൻ എന്ന് പേരിട്ട പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകർക്ക് ഇനി മുതൽ സേവനങ്ങൾക്കായി മുൻകൂട്ടി സമയം ബുക്ക് ചെയ്യാം. ഒരു ദിവസം മുന്നൂറോളം അപേക്ഷകരാണ് ദുബായിലെ ഐ വി എസ് സേവന കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ കാത്തിരിപ്പ് സമയം കുറക്കാനാവും എന്ന് ഐ വി എസ് പ്രതിനിധികൾ അറിയിച്ചു. ഈ മാസം 23 ഞായറാഴ്ച മുതൽ ഓൺലൈൻ ബുക്കിങ് സ്വീകരിച്ചു തുടങ്ങും.
ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും, ഐ ഓ എസ് ആപ് സ്റ്റോറിലും ക്യു ടിക്കറ്റ് എന്ന പേരിലുള്ള മൊബൈൽ ആപ്പും ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സേവനം ആറു മാസങ്ങൾക്കുള്ളിൽ കൂടുതൽ വിപുലപ്പെടുത്തുമെന്നും ഐ വി എസ് പ്രതിനിധികൾ അറിയിച്ചു. ദുബായ് കോളജ് വിദ്യാർത്ഥിയായ കൃഷ്ണ ഭഗവൻ ആണ് മൊബൈൽ ആപ്പും, പോർട്ടലും വികസിപ്പിച്ചത്. ഇന്ത്യൻ കോണ്സുലേറ്റിലെ പാസ്സ്പോർട്ട് വിഭാഗം കോൺസുൽ പ്രേം ചന്ദും ചടങ്ങിൽ സംബന്ധിച്ചു.