മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്കെതിരായ പീഡന പരാതില്‍ തെളിവുണ്ടെന്ന് പോലീസ്. ബിനോയ് കോടിയേരിയും ലൈംഗികാരോപണം ഉന്നയിച്ച യുവതിയും മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു. ഓഷിവാരാ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
ഹോട്ടലുകളിലും, ഫ്ലാറ്റിലുമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ണൂരിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താനായില്ല. ബിനോയ് ഒളിവിലാണെന്നാണ് പോലീസ് നിഗമനം. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഒളിവില്‍ പോയതായി സൂചന ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.
അതേ സമയം പോലീസ് യുവതിയെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തു. യുവതി പോലീസിന് നല്കിയ വാട്സ് ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പോലീസ് അവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞത്. ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ എന്നും പോലീസ് പറഞ്ഞു.
33കാരിയായ ബീഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.