ഷാർജ – ആന്തൂരിൽ നടന്ന ശ്രീ സാജന്റെ ആത്മഹത്യ പ്രവാസികളോടുള്ള ഈ സർക്കാരിനെ നയമാണ് കാണിക്കുന്നതെന്ന് ബിജെപിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറം ഷാർജ ചാപ്റ്റർ അഭിപ്രായപ്പെട്ടു. പ്രവാസികളോടുള്ള നിഷേധാത്മക സമീപനം ഈ സർക്കാരിന്റെ തുടക്കം മുതൽ തന്നെയുണ്ട്. ഒരു പ്രവാസിയുടെ ജീവനെടുത്തുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നതുതന്നെ. സ്വന്തമായി വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച കായംകുളം സ്വദേശിയുൾപ്പെടെ നിരവധിപ്രവാസികളാണ് കേരളത്തിൽ അധികാരികളുടെ പീഡനം കൊണ്ട് ജീവൻ അവസാനിപ്പിക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനങ്ങളിൽ പറഞ്ഞ ക്ഷേമപദ്ധതികളിൽ ഒന്നുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ കാര്യങ്ങളിൽ ഇടതുപക്ഷാഭിമുഖ്യമുള്ള പ്രവാസി സംഘടനകൾ അവരുടെ നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീ വിജയൻ നായർ, സെക്രട്ടറി ശ്രീ സുരേഷ് കാശി, ചന്ദ്രൻ മേക്കാട്ട്, ബിജെപി എൻ ആർ ഐ സെൽ പ്രതിനിധി അഡ്വ അരുൺകുമാർ എന്നിവർ സംസാരിച്ചു.