ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. അൻപതിനയിരത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കത്ത് നൽകിയത്.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതും, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കൂട്ടുന്നതും സംബന്ധിച്ച് ഭരണഘടനാ ഭേദഗതിയുടെ സാധ്യത ആരാഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് നൽകിയത്. നിലവിൽ ഹൈക്കോടതികളില്‍ 43 ലക്ഷം കേസുകളും സുപ്രീംകോടതിയില്‍ അൻപത്തി ഒൻപതിനായിരം കേസുകളും കെട്ടികിടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
നിലവിൽ മുപ്പത്തിയൊന്ന് ജഡ്ജിമാരാണ് സുപ്രീംകോടതിയിൽ ഉള്ളത്. അതോടൊപ്പം കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാന്‍ സുപ്രിംകോടത്തിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്ന രീതി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് കത്തുകളാണ് ചീഫ് ജസ്റ്റിസ് നൽകിയത്.