അന്താരാഷ്ട്ര യോഗാ ദിനമായ ഇന്നലെ വൈകിട്ട് ആറു മണിക്കാണ് ദുബായിലെ സബീൽ പാർക്കിൽ യോഗാ ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി യോഗാ പരിശീലന കേന്ദ്രങ്ങളും പങ്കു ചേർന്നു. രാജ യോഗ ഫൗണ്ടേഷൻ, ആർട് ലിവിങ്, ലാഫിങ് യോഗ തുടങ്ങി വിവിധ യോഗാ സമ്പ്രദായങ്ങളുടെ പ്രദർശനവും, പ്രത്യേക സ്റ്റാളുകളും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൾറഹിമാൻ അൽ ഹജിരി മുഖ്യാതിഥി ആയിരുന്നു. ദുബായിലെ ഇൻഡോനേഷ്യൻ കോൺസുൽ ജനറൽ റിദ്വാൻ ഹസൻ, ദുബായ് സ്പോർട്സ് കൗൺസിലിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗാ ദിനാചരണ പരിപാടികളിൽ പങ്കെടുത്തു. മുൻ എം പിയും, എം എൽ എ യുമായ എ പി അബ്ദുള്ളക്കുട്ടി ദുബായിലെ യോഗാ ദിനാചരണ പരിപാടികളിൽ സംബന്ധിച്ചു. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന യോഗാ ദിനാചരണ പരിപാടികളിൽ മൂവായിരത്തോളം പേർ പങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിൽ ഷാർജ സ്പോർട്സ് കൗൺസിൽ, എഫ് ഓ ഐ ഇവന്റസ് എന്നിവയുടെ സഹകരണത്തോടെ പ്രവാസി കൂട്ടായ്മയായ ഏകതയാണ് ഷാർജയിലെ യോഗാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ അടക്കമുള്ളവർ ഷാർജയിലെ യോഗാ ദിനാചരണ പരിപാടികളിൽ പങ്കു കൊണ്ടു.