അടിമാലി: പൊലീസ് മര്‍ദ്ദനത്തില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ നട്ടെല്ലിന് പരിക്കേറ്റ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്നാര്‍ സ്റ്റേഷനിലെ എസ് ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സതീശനാണ് പൊലീസിന്റെ മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റത്.
മൂന്നാര്‍ എസ്ഐ ശ്യാം കുമാര്‍, എഎസ്ഐ രാജേഷ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് തോമസ് എന്നിവരെയാണ് എ ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. ഇയാളുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. കസ്റ്റഡിയിലിരിക്കെ ഇയാളുടെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട് എന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി വ്യക്തമാക്കി.
എന്നാല്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിനിടയുള്ള മല്‍പിടുത്തത്തിനിടെയാണ് പരിക്ക് സംഭവിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്.