അബുദാബി: മധ്യപൂർവ്വേഷ്യൻ മേഖലയിലെ പ്രമുഖ ഭക്ഷ്യ എണ്ണ ബ്രാൻഡായ ‘കൊറോളി’, സൂപ്പർബ്രാൻഡ് പദവിക്ക് അർഹമായി. ഗുണമേന്മയിലും ഉപയുക്തതയിലും ഉപഭോക്തൃ സ്വീകാര്യതയിലും പ്രചാരത്തിലും പുലർത്തുന്ന തുടർച്ചയായ മികവ് പരിഗണിച്ചാണ് ഈ അംഗീകാരം. ദുബായിൽ നടന്ന വർണ്ണാഭമായ പതിനഞ്ചാമത് സൂപ്പർബ്രാൻഡ്സ് അവാർഡ്സ് സംഗമത്തിൽ വെച്ച് ബി.ആർ.എസ്. വെൻച്വേഴ്സ് സ്ഥാപക ചെയർമാനും ‘കൊറോളി’ ഉടമസ്ഥനുമായ ഡോ. ബി.ആർ. ഷെട്ടി പുരസ്കാരം ഏറ്റുവാങ്ങി.
‘കൊറോളി’ക്ക് സൂപ്പർബ്രാൻഡ് ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും ആരോഗ്യദായകവും ഗുണപ്രദവും സുരക്ഷിതവുമായ ഉത്പന്നങ്ങൾ മാത്രമേ നല്‍കുകയുള്ളുവെന്ന തങ്ങളുടെ ഉറച്ച തീരുമാനത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്നും അവാർഡ് സ്വീകരിച്ച ശേഷം ഡോ. ബി.ആർ. ഷെട്ടി പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും വിശാലവും വൈവിധ്യപൂർണ്ണവുമായ ഉപഭോക്തൃ സമൂഹത്തിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ ഏറ്റവും നല്ല ഭക്ഷ്യ എണ്ണകൾ എത്തിക്കാനുള്ള, നാല്പത് വർഷത്തെ തങ്ങളുടെ പരിശ്രമങ്ങൾക്ക് പുതിയ ആവേശം പകരുന്ന തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
കണിശമായ മാനദണ്ഡങ്ങളും മാർഗ്ഗദർശനങ്ങളും പാലിച്ചുകൊണ്ട് ബ്രാൻഡിംഗ് രംഗത്തെ മികവിനെ ആദരിക്കാനായി ഏർപ്പെടുത്തിയതാണ് സൂപ്പർ ബ്രാൻഡ്സ് എന്ന സ്വതന്ത്ര വേദി.ഇത്തവണ യു.എ.ഇ.യിലെ 1500 ഉന്നത ബ്രാൻഡുകൾക്കിടയിൽ നിന്ന് 80 ശതമാനത്തിലേറെ സ്കോർ നേടിയ 48 ബ്രാൻഡുകളുടെ കൂട്ടത്തിലാണ് ‘കൊറോളി’ ഓയിൽ അജയ്യത തെളിയിച്ചത്.