തിരുവനന്തപുരം: പി ജയരാജനോട് ചേര്‍ന്ന് നിന്നാലും എതിര്‍ത്താലും മരണമാണ് ഫലം എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെഎം ഷാജി എഎല്‍എ. ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെഎം ഷാജി.
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണെന്നും കെഎം ഷാജി പറഞ്ഞു.
അതേസമയം, ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞു. സാജന്റെ ആത്മഹത്യ ദു:ഖകരമായ സംഭവമെന്നും ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്കി.
സിപിഎമ്മിനെ ആക്രമിക്കാന്‍ പ്രതിപക്ഷം പി ജയരാജനെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു