തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങി സിപിഐ. ഒല്ലൂര്‍ എംഎല്‍എ കെ രാജനെ നിയമസഭാ ചീഫ് വിപ്പ് ആക്കാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം.
ബന്ധുനിയമന വിവാദത്തില്‍ രാജി വെച്ച ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സിപിഐയ്ക്ക് നല്കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് സ്ഥാനം. പ്രളയ പശ്ചാത്തലത്തില്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നത് സിപിഐ വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു. ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി നല്‍കുന്നത്.
ബന്ധുനിയമന വിവാദത്തില്‍ രാജി വെച്ച ഇ പി ജയരാജനെ മന്ത്രി സഭയിലേക്ക് തിരികെ എത്തിക്കുന്നതില്‍ സിപിഐ പ്രതിഷേധമുന്നയിച്ചിരുന്നു. ജയരാജന് വീണ്ടും മന്ത്രി സഭയിലേക്കെത്തുമ്പോള്‍ ഒരു സിപിഎം മന്ത്രി രാജിവെക്കണമെന്നുള്ള സിപിഐയുടെ ആവശ്യത്തെ അനുനയിപ്പിക്കാനുള്ള ഒത്ത്തീര്‍പ്പ് ശ്രമമായിട്ടായിരുന്നു ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം നല്‍കിയത്.
കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ പി സി ജോര്‍ജിന് ചീഫ് വിപ്പ് പദവി നല്കിയപ്പോള് ശക്തമായ വിമര്‍ശനം എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി തര്‍ക്കം തീര്‍ക്കാന്‍ ചീഫ് വിപ്പ് പദവി സൃഷ്ടിച്ച് സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയതില്‍ കൂടുതലും സിപിഐ നേതാക്കളായിരുന്നു.