ഗ്വാളിയര്‍: പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിനു ശേഷം പാകിസ്ഥാന്റെ ഒരു വിമാനം പോലും നിയന്ത്രണ രേഖ കടന്നിട്ടില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ്.ധനോവ. ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകള്‍ തകര്‍ക്കുകയെന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ വ്യോമസേന അതില്‍ വിജയിച്ചെന്നും തിരിച്ചടിക്കാന്‍ പോലും പാകിസ്ഥാനു കഴിഞ്ഞില്ലെന്നും ഗ്വാളിയറില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
എന്നാല്‍ ഫെബ്രുവരി 27-നു ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കൈവശം റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന് വ്യോമപാത അടച്ചെങ്കില്‍ അത് അവരുടെ പ്രശ്നമാണെന്നും ഫെബ്രുവരി 27-ന് 2-3 മണിക്കൂര്‍ മാത്രമാണ് ഇന്ത്യ വ്യോമപാത അടച്ചതെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി വ്യോമസേനാ മേധാവി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷം പാകിസ്ഥാന് വ്യോമപാത പൂര്‍ണ്ണമായും അടച്ചിരുന്നു. നിലവില്‍ ജൂണ്‍ 28 വരെയാണ് വ്യോമപാത അടച്ചിട്ടിരിക്കുന്നത്.